പതിനായിരക്കണക്കിന് ആപ്പിള്‍ മാക്ക് കംപ്യൂട്ടറുകളെ ബാധിച്ച് 'സില്‍വര്‍ സ്പാരോ' മാല്‍വെയര്‍
പതിനായിരക്കണക്കിന് ആപ്പിള്‍ മാക്ക് കംപ്യൂട്ടറുകളെ ബാധിച്ച് 'സില്‍വര്‍ സ്പാരോ' മാല്‍വെയര്‍

ആപ്പിള്‍ എം വണ്‍ ചിപ്പുകളെ ബാധിക്കുന്ന ആദ്യ മാല്‍വെയറിനെ കണ്ടെത്തിയതിന് പിന്നാലെ 29,139 മാക്ക് കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചുകഴിഞ്ഞ മറ്റൊരു മാല്‍വെയറിനെ കൂടി ഗവേഷകര്‍ കണ്ടെത്തി. ഇന്റെല്‍ x86-64 പ്രൊസസറിലും ആപ്പിളിന്റെ എംവണ്‍ പ്രൊസസറിലും പ്രവര്‍ത്തിക്കുന്ന മാക്ക് കംപ്യൂട്ടറുകളെയാണ് മാല്‍വെയര്‍ ബാധിച്ചത്.
എന്നാല്‍, ഈ മാല്‍വെയറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചോ ഇത് ഇപ്പോഴും സജീവമായ പ്രവര്‍ത്തനത്തിലാണോ എന്നതിനെ സംബന്ധിച്ചോ ഗവേഷകര്‍ക്ക് മനസിലാക്കാനായിട്ടില്ല. സില്‍വര്‍ സ്പാരോ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയറിന്റെ രണ്ട് പതിപ്പുകള്‍ കണ്ടെത്തിയതായി റെഡ് കാനറി എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം പറയുന്നു.
153 രാജ്യങ്ങളിലെ മാക്ക് ഓ എസ് ഉപകരണങ്ങളെയാണ് മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. ഇതില്‍ യു.എസ്, യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയതെന്ന് മാല്‍വെയര്‍ ബൈറ്റ്‌സ് പറയുന്നു.
ആക്രമിച്ച ഫയലുകളില്‍ സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകള്‍ സ്വയം നശിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. മാല്‍വെയറിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നടപടികള്‍ ആപ്പിള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ആപ്പിളിന്റെ എം വണ്‍ ചിപ്പില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതായി കണ്ടെത്തിയ രണ്ടാമത്തെ മാല്‍വെയറാണ് സില്‍വര്‍ സ്പാരോ. കഴിഞ്ഞയാഴ്ച ഗോ സെര്‍ച്ച് 22 എന്ന പേരില്‍ സഫാരി ബ്രൗസറിനെ ബാധിക്കുന്ന ആഡ് വെയറിനെ കണ്ടെത്തിയിരുന്നു.