കൊച്ചി: മലയാളികളുടെ നാവിന്‍തുമ്പില്‍ എക്കാലത്തും തങ്ങി നില്‍ക്കുന്ന 'ലോകം മുഴുവന്‍ സുഖം പകരാനായി ' എന്ന് തുടങ്ങുന്ന അനശ്വരഗാനം , ജനപ്രിയ വിനോദ ചാനൽ സീ കേരളം ടീം അതിമനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കാരണം വീട്ടില്‍ അടച്ചിരിക്കുന്ന എല്ലാവര്‍ക്കും പ്രതീക്ഷകള്‍ പകരാനായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഈ ഗാനം ഒരു വിഡിയോയിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. സീ കേരളത്തിലെ 'നീയും ഞാനും' എന്ന ജനപ്രിയ പരമ്പരയിലെ താരങ്ങളെ അണിനിരത്തിയാണ് ഈ വിഡിയോ ഗാനം തയാറാക്കിയിരിക്കുന്നത്. താരങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് സെല്‍ഫി വിഡിയോയില്‍ പാടിയ ഗാന ശകലങ്ങള്‍ കോര്‍ത്തിണക്കി അതോടൊപ്പം പ്രതീക്ഷയുടേയും കരുതലിന്റേയും ജാഗ്രതയുടേതും വരികള്‍ കൂടി ചേര്‍ത്താണ് വിഡിയോ അവതരിപ്പിച്ചത്. 1972ല്‍ പുറത്തിറങ്ങിയ 'സ്‌നേഹദീപമെ മിഴിതുറക്കൂ' എന്ന ചിത്രത്തിലെ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ അനശ്വര വരികള്‍ ജനപ്രിയ താരങ്ങളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുന്നതോടൊപ്പം പ്രതീക്ഷയോടെ ഈ മഹാമാരികാലത്തെ അതിജീവിക്കാനുള്ള പ്രചോദനവും ഇതു നല്‍കുന്നു. ഷിജു അബ്ദുള്‍ റഷീദ്, സുസ്മിത പ്രഭാകരന്‍, മങ്ക മഹേഷ്, ലക്ഷ്മി നന്ദന്‍, രമ്യ സുധ എന്നിവരുള്‍പ്പെടെ പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഈ വിഡിയോയില്‍ അണിനിരക്കുന്നു.
കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും പ്രേക്ഷകരുമായുള്ള ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ സീ കേരളം ചാനല്‍ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് അവതരിപ്പിച്ചു വരുന്നത്. സ്വന്തം വീടുകളിലിരുന്നുകൊണ്ട് തന്നെ പ്രേക്ഷകരോട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സീ കേരളം താരങ്ങളും സമയം കണ്ടെത്തുന്നു. പ്രത്യാശയുടെ വെളിച്ചം പകരാന്‍ ശ്രമിക്കുകയും നല്ല സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന നിരവധി പരിപാടികള്‍ക്ക് ചാനല്‍ തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.