എഐസിസിയിൽ നേതൃമാറ്റം ഉടന്‍ വേണമെന്ന് ശശി തരൂര്‍

കൊച്ചി :: എഐസിസിയിൽ നേതൃമാറ്റം ഉടന്‍ വേണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് തിരിച്ചു വരണമെങ്കില്‍ സംഘടനയിൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി നിലവില്‍ താത്കാലിക അദ്ധ്യക്ഷയായാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനം ഒഴിയുമെന്ന് അവര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ വേണം. സോണിയ മികച്ച നേതാവാണ്. എന്നാല്‍ സ്ഥിരം അദ്ധ്യക്ഷൻ വേണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ടെന്നും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നെങ്കില്‍ ഉടന്‍ ഉണ്ടാകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 6ന് യൂത്ത് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് അറിയിച്ചിരുന്നു. 2021 ജൂണ്‍ മാസത്തോട് കൂടി കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താനും വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ വര്‍ക്കിങ് കമ്മിറ്റികള്‍ തീരുമാനം എടുത്തിരുന്നു.