കെപിസിസി പുന:സംഘടന ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കാൻ ശ്രമം

 കെപിസിസി പുന:സംഘടന ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കാൻ ശ്രമം

 കൊച്ചി: കെപിസിസി പുന:സംഘടന ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 8ന് ഡല്‍ഹിയിലേക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും 9,10 തീയതികളില്‍ എഐസിസി നേതാക്കളുമായി ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളെ തഴയുന്നതായ പരാതികള്‍ ശക്തമായ സാഹചര്യത്തിലാണ് ഇരു നേതാക്കളും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയ ശേഷം അന്തിമ പട്ടിക പ്രഖ്യാപിക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസ്സില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അതൃപ്തി അറിയിച്ചിരുന്നു. പുന:സംഘടനയടക്കം വിഷയങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കെപിസിസി നേതൃത്വത്തിന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മുതിര്‍ന്ന നേതാക്കളുടെ പരാതികള്‍ ആദ്യഘട്ടത്തില്‍ തള്ളിയ എഐസിസിക്കും ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ ചില സമീപനങ്ങളില്‍ സംശയങ്ങളുണ്ട്. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികള്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടായി എഐസിസി നേതൃത്വത്തിന് കൈമാറും.