‘ലോഡ്ജ് മുറിയിലേക്ക് തനിയെ വന്നാൽ ജോലി തരാമെന്ന് യുവതിയോട് സിപിഎം ലോക്കൽ സെക്രട്ടറി’
‘ലോഡ്ജ് മുറിയിലേക്ക് തനിയെ വന്നാൽ ജോലി തരാമെന്ന് യുവതിയോട് സിപിഎം ലോക്കൽ സെക്രട്ടറി’ ; മന്ത്രി കെ എൻ ബാലഗോപാലുമായി അടുത്ത ബന്ധമെന്ന് വിശദീകരണം

കൊല്ലം: ജോലി നൽകാമെന്ന വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജ് മുറിയിലേക്ക് ക്ഷണിച്ചതിൽ യുവതി പരാതിയുമായി രംഗത്ത്.സിപിഎം തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് അനില്‍ യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. കെഎസ്‌എഫ്‌ഇയില്‍ ജോലി ശരിയാക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് മുറിയിലേക്ക് ക്ഷണിച്ചത്.
ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി താന്‍ അടുപ്പത്തിലാണെന്നും നേതാവ് യുവതിയോട് പറഞ്ഞിരുന്നു. റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ സഹിതം യുവതി സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം തലയൂരുകയായിരുന്നു.
ഇടുക്കി തൊടുപുഴ സ്വദേശിനിയായ യുവതിയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്. അനിലിനെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്. കെ എസ് എഫ് ഇയില്‍ ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ചക്കുകയായിരുന്നു അനില്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ അനിലിലിനെ പരിചയപ്പെട്ടത് എന്ന് യുവതി പറയുന്നു.
ഒരു ദിവസം അബദ്ധത്തില്‍ അനിലിന്‍റെ ഫോണ്‍ കോള്‍ യുവതിയുടെ ഫോണിലെത്തിയതിനെ തുടര്‍ന്നാണ് വാട്സാപ്പ് വഴി സൌഹൃദം സ്ഥാപിച്ചത്. ഏറെ കാലം, ഇരുവരും വാട്സാപ്പ് സൌഹൃദം തുടര്‍ന്നു. ഇതിനിടെ യുവതിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയ അനില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. പാര്‍ട്ടി നേതാവാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിനുമേല്‍ നല്ല സ്വാധീനമുണ്ടെന്നും കെഎസ്‌എഫ്‌ഇയില്‍ ജോലി വാങ്ങി നല്‍കാമെന്നുമാണ് യുവതിയെ അനില്‍ അറിയിച്ചത്.
കൊച്ചിയില്‍ ഒരു കേസിന്‍റെ ആവശ്യവുമായി ഹൈക്കോടതിയില്‍ വരുമ്ബോള്‍ ബയോഡേറ്റയുമായി അവിടെ എത്താന്‍ അനില്‍ നിര്‍ദേശിച്ചു. എന്നാല്‍ മകനുമായി വരാമെന്നു പറഞ്ഞപ്പോള്‍ തനിച്ച് ലോഡ്ജില്‍ എത്തണമെന്നാണ് അനില്‍ ആവശ്യപ്പെട്ടത്. ലോഡ്ജില്‍ തനിച്ച് വരണമെന്ന അനിലിന്‍റെ സംസാരം യുവതി റെക്കോര്‍ഡ് ചെയ്യുകയും, പാര്‍ട്ടി നേതൃത്വത്തിനും മഹിളാ അസോസിയേഷനും പരാതി നല്‍കുകയുമായിരുന്നു.