റാന്നി പുതിയപാലം നിർമാണം അനിശ്ചിതത്വത്തിൽ

റാന്നി പുതിയപാലം നിർമാണം അനിശ്ചിതത്വത്തിൽ

റാന്നി പുതിയപാലം നിർമാണം അനിശ്ചിതത്വത്തിൽ

റാന്നി : ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകാത്തതിനാൽ നിർമാണം മുടങ്ങിയ റാന്നി പുതിയ പാലത്തിന്റെ ശേഷിക്കുന്ന പണികൾ അനിശ്ചിതത്വത്തിൽ. നിർമാണത്തിനായി ഇവിടെ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളടക്കമുള്ള സാധന സാമഗ്രികൾ കരാറുകാരൻ മറ്റ് സൈറ്റിലേക്ക് കൊണ്ടുപോയി. ശേഷിക്കുന്ന സാധനങ്ങൾ കൊണ്ടുപോകുന്നതിനായി തയ്യാറാക്കി വെച്ചിരിക്കുകയാണ്. ജോലിക്കാർ താമസിച്ചിരുന്ന ഷെഡും പൊളിച്ചുമാറ്റി. ഇരുകരകളിലും നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാത്തതിനെ തുടർന്നാണ് പണികൾ നിർത്തിവെച്ചത്. മാസങ്ങൾ കാത്തിരുന്നിട്ടും നടപടികളുണ്ടാവത്തതിനാൽ കരാറുകാരൻ സാധന സാമഗ്രികളെല്ലാം മടക്കികൊണ്ടുപോവുകയായിരുന്നു. റാന്നിയിലെ നിലവിലുളള വലിയ പാലത്തിന് സമാന്തരമായിട്ടാണ് ബോട്ടുജെട്ടി കടവിൽ പുതിയ പാലം പണിയുന്നത്. നിർമാണം തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞു.

നദിയിലെ തൂണുകൾ ആദ്യം പൂർത്തിയാക്കി. പേട്ട കരയിൽ രണ്ട് തൂണുകളുടെയും പൊരുമ്പുഴയിൽ മൂന്ന് തൂണുകളുടെയും നിർമാണം പൂർത്തിയാക്കി. ഇരുകരകളിലും നാല് തൂണുകൾ വീതമാണുള്ളത്. ശേഷിക്കുന്നവ പണിയണമെങ്കിൽ സ്ഥലം ലഭിക്കണം. പാലത്തിനൊപ്പം രാമപുരം-ബ്ലോക്കുപടി സമാന്തര പാതയുടെ വികസനവും ചേർത്താണ് കരാർ നൽകിയിട്ടുള്ളത്. സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ റോഡിന്റെ പണികൾ തുടങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.

പണികൾ തുടരാൻ മാർഗമില്ലാതെ കരാറുകാരൻ മടങ്ങേണ്ടി വരികയായിരുന്നു. ജോലിക്കാരുമായി ഇനിയും ഇവിടെ തുടർന്നാൽ ഭീമമായ നഷ്ടത്തിനിടയാക്കുമെന്നാണ് കരാറുകാരുടെ പ്രതിനിധികൾ പറയുന്നത്.

സ്ഥലം ഏറ്റെടുത്ത് കൈമാറാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. എന്ന്‌ പണികൾ പുനരാരംഭിക്കാൻ പറ്റുമെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഇവിടെ തുടരുന്നതിൽ അർഥമില്ലെന്ന നിലപാടലാണിവർ. അങ്ങനെയാണ് സാധനങ്ങൾ മാറ്റിയത്.റാന്നി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയപാലത്തിനും സമാന്തര പാതവികസനത്തിനും പദ്ധതി തയ്യാറാക്കിയത്.

അന്ന് മുതൽ സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. സ്ഥലം ഏറ്റെടുത്താൽ തന്നെ ഇതേ കരാറുകാരൻ പണികൾ തുടരുമോ എന്നും ഉറപ്പില്ല. രണ്ടരവർഷം മുമ്പുള്ള നിരക്കിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഒന്നര വർഷമായിരുന്നു കാലാവധി. പിന്നീട് ഒരുവർഷം കൂടി നീട്ടി വാങ്ങി. എന്നിട്ടും സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയില്ല. ഈ വീഴ്ചയാണ് പണികളെ ബാധിച്ചത്. ജില്ലയിലെ ഏറ്റവും നീളംകൂടിയ പാലമാണ് ഇവിടെ നിർമിക്കുന്നത്. 369 മീറ്റർ നീളമാണ് പാലത്തിനുള്ളത്.