കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞു; യു.ഡി.എഫിന് വന്‍ വിജയമുണ്ടാവും- കെ.പി.സി.സി. അന്വേഷണ സംഘം
കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞു; യു.ഡി.എഫിന് വന്‍ വിജയമുണ്ടാവും- കെ.പി.സി.സി. അന്വേഷണ സംഘം
ചെന്നൈ: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇക്കുറി കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഇത് യു.ഡി.എഫ്. വിജയം ഉറപ്പാക്കുന്നുണ്ടെന്നും കെ.പി.സി.സി. അന്വേഷണ സംഘം. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ കെ.പി.സി.സിയെ സഹായിച്ച സംഘത്തിന്റെ മുന്‍നിരയിലുള്ള വ്യക്തിയാണ് ഇക്കാര്യം മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വ്യാജവോട്ടുകള്‍ക്കെതിരെ നടത്തിയ വ്യാപകമായ പ്രചാരണം ഫലപ്രദമായെന്നും ഇതാണ് കള്ള വോട്ടുകള്‍ കുറയുന്നതിലേക്ക് വഴിയൊരുക്കിയതെന്നുമാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍.
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 1.60 കോടി വോട്ടുകളാണ് പോള്‍ ചെയ്തതെന്ന് കെ.പി.സി.സി. അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 1.73 കോടിയായി. 13 ലക്ഷം വോട്ടുകളുടെ വര്‍ദ്ധന. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1.79 കോടി പേര്‍ വോട്ടു ചെയ്തതായാണ് കണക്ക്. രണ്ടു വര്‍ഷത്തിനപ്പുറം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ (2016) 2.01 കോടി വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടു. 21 ലക്ഷം വോട്ടുകളുടെ വ്യത്യാസം.
2019-ല്‍ 2.03 കോടി വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി. ഇത്തവണ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2.03 കോടി വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. തപാല്‍ വോട്ടുകള്‍ നാലു ലക്ഷത്തോളം വരുമെന്ന് കണക്കാക്കിയാല്‍ മൊത്തം പോളിങ് 2.07 കോടിയോളം വരും. പുതുതായി ചേര്‍ക്കപ്പെടുന്ന വോട്ടുകള്‍ കണക്കിലെടുത്താല്‍ ഇക്കുറി കാര്യമായി കള്ള വോട്ടുകള്‍ നടന്നിട്ടില്ലെന്ന നിഗമനത്തിലെത്താമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി. അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍നിന്നും 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലെത്തിയപ്പോഴും 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍നിന്ന് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലെത്തിയപ്പോഴും വോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്. ഇതില്‍ ഏറിയകൂറും കള്ളവോട്ടുകളായിരുന്നുവെന്നും എന്നാല്‍ 2019-ല്‍നിന്നും 2021-ലേക്കെത്തുമ്പോള്‍ വോട്ടുകളുടെ എണ്ണത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസമില്ലാതെ പോയത് കള്ള വോട്ടുകള്‍ കുറഞ്ഞതുകൊണ്ടാണെന്നും കെ.പി.സി.സി. അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത വ്യക്തി പറയുന്നു.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 2.62 കോടിയായിരുന്നു. 2021-ലെത്തിയപ്പോള്‍ ഇത് 2.74 കോടിയായി. പക്ഷേ, ഈ വര്‍ദ്ധന വോട്ടിങ് ശതമാനത്തില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇത് കള്ള വോട്ടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നുമാണ് കെ.പി.സി.സി. അന്വേഷണസംഘം പറയുന്നത്.
ന്യൂനപക്ഷ സമുദായത്തിലെ വോട്ടര്‍മാര്‍ ഇത്തവണ യു.ഡി.എഫിന് അനുകൂലമായ നിലപാടാണെടുത്തിട്ടുള്ളതെന്നാണ് തങ്ങള്‍ക്ക് അടിത്തട്ടില്‍നിന്നു കിട്ടുന്ന റിപ്പോര്‍ട്ടെന്നും ഇതായിരിക്കും ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കണക്കു കൂട്ടലുകള്‍ തകര്‍ക്കുകയെന്നും അന്വേഷണ സംഘം പറയുന്നു. ''ഒരു സര്‍വ്വെയിലും പ്രതിഫലിക്കാത്ത സംഗതിയാണിത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 123 നിയമസഭ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. മുന്നിലെത്താനുള്ള ഒരു കാരണം ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ അനുകൂലമായതാണ്. ഈ പ്രവണത ആവര്‍ത്തിക്കപ്പെടുകയും ബി.ജെ.പി. പ്രകടനം മെച്ചപ്പെടുകയും ചെയ്താല്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും വലിയ തിരിച്ചടിയാണുണ്ടാവുക.'' പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത കെ.പി.സി.സി. അന്വേഷണ സംഘം നേതാവ് പറഞ്ഞു.