നാളെ മുതൽ 45-ന് മുകളിലുളള എല്ലാവർക്കും കോവിഡ് വാക്സിൻ
നാളെ മുതൽ 45-ന് മുകളിലുളള എല്ലാവർക്കും കോവിഡ് വാക്സിൻ

പത്തനംതിട്ട : ഏപ്രിൽ ഒന്നുമുതൽ ജില്ലയിൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകി തുടങ്ങും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ.ഷീജയാണ് ഇക്കാര്യം അറിയിച്ചത്. 45 വയസ്സു മുതൽ 60 വരെ പ്രായമുള്ള രണ്ടരലക്ഷത്തിലധികം ആളുകൾ ജില്ലയിലുണ്ട്. ഇപ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇവർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള സജ്ജീകരണം ഒരുങ്ങും.
ജില്ലയിലെ 63 സർക്കാർ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷൻ നടക്കുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, റാന്നി സിറ്റാഡൽ പബ്ലിക് സ്‌കൂൾ, കോന്നി ഗവ. എച്ച്.എസ്.എസ്, അടൂർ ഓൾ സെയിന്റ്സ് സ്‌കൂൾ, തിരുവല്ല ഡയറ്റ് ഹാൾ എന്നിവിടങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷൻ ആയിരിക്കും. 60 വയസ്സിനു മുകളിൽ പ്രായമുളള 2,79,811 പേർക്ക് വാക്സിൻ നൽകുന്നതിനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേർ മാത്രമേ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ എത്രയും വേഗം വാക്സിൻ എടുത്ത് രോഗ പ്രതിരോധശേഷി കൈവരിക്കണമെന്ന് ഡി.എം.ഒ. അഭ്യർഥിച്ചു. ജില്ലയിൽ മാർച്ച് 29 വരെ ആകെ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1,95,017 ആണ്.