കോവിഡ് പരിശോധനയ്ക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ
കോവിഡ് പരിശോധനയ്ക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനയ്ക്ക് പുതുക്കിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. 38 ഡിഗ്രിയിൽ കൂടുതൽ പനി, ശ്വാസതടസ്സം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ പത്തുദിവസത്തിൽ കുടുതലായുള്ളവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രോഗലക്ഷണമുള്ളവർ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാണെന്ന് കണ്ടാലും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും രോഗലക്ഷണം ആരംഭിച്ചദിവസം മുതൽ ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം. രോഗലക്ഷണങ്ങളുള്ള 60 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. പരിശോധനതന്നെ നടത്തണം.
വിദേശത്തുനിന്നെത്തുന്നവർ ക്വാറന്റീൻ കാലയളവിൽ ലക്ഷണങ്ങൾ കണ്ടാൽ ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കിലും ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമായും ചെയ്യണം. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗിയുമായി സമ്പർക്കത്തിലുള്ളവർ ആർ.ടി.പി.സി.ആർ. ചെയ്യണം. രോഗമുക്തി നേടിയിട്ടും രോഗലക്ഷണങ്ങൾ ഉള്ളവരും ആർ.ടിപി.സി.ആർ. പരിശോധന ചെയ്യേണ്ടതുണ്ട്.