വെണ്ണീർവിളയെ വേനൽമഴ ചതിച്ചു

വെണ്ണീർവിളയെ വേനൽമഴ ചതിച്ചു

വെണ്ണീർവിളയെ വേനൽമഴ ചതിച്ചു
വെണ്ണീർവിളയെ വേനൽമഴ ചതിച്ചു

കവിയൂർ : വെണ്ണീർവിളയിൽ പുഞ്ചയിലെ കർഷകരെ ഇത്തവണ വേനൽമഴ ചതിച്ചു. 200 ഏക്കറോളം വരുന്ന പാടശേഖരത്തിലെ വിളവെടുപ്പിന് മഴ വില്ലനായി . വാക്കേകടവ്, മുപ്പതുപറ, മുതയ്ക്കൽ, തറക്കീഴ് തുടങ്ങിയ പാടശേഖരങ്ങളാണ് വെണ്ണീർവിളയിൽ വരുക. ഇവിടങ്ങളിലെ വെള്ളക്കെട്ട് യന്ത്രക്കൊയ്ത്തിന് തടസ്സമായി.

വാക്കേകടവിൽ കാറ്റിലും മഴയിലും വ്യാപകമായി കൃഷി വീണുപോയി. കാലായിൽ അനിയിൽ, തുണ്ടിയിൽ കുഞ്ഞുമോൻ, സി.കെ.ലതകുമാരി, വെള്ളാറയ്ക്കൽ ജോവേൽ എന്നിവരുടെ കൃഷിയാണ് നശിച്ചത്.

500 ഏക്കറിൽ അധികം വിസ്തൃതിയുള്ള പുഞ്ചയിൽ ഭൂരിഭാഗവും തരിശാണ്. പരമ്പരാഗത കർഷകരിൽ മിക്കവരും നെൽക്കൃഷി നടത്തുന്നില്ല.

പുതുതായി എത്തിയവരിൽ പലർക്കും നിലമറിഞ്ഞ് കൃഷിയിറക്കുന്ന രീതിയും അറിഞ്ഞുകൂടാ. ഇതെല്ലാം വിളവെടുപ്പിനെ ബാധിച്ചു.

സമീപ ജില്ലകളിൽനിന്നെത്തുന്നവർ ഏക്കറുക്കണക്കിന് നിലം പാട്ടത്തിനെടുത്താണ് കൃഷി. ഇതിനാൽ ഇവിടത്തെ പതിവുരീതികൾ ഇവർക്ക് അന്യമാകുന്നു. തുലാം മാസം പത്തിനകം വിതയ്‌ക്കേണ്ട സ്ഥാനത്ത് ഇത്തവണ വിത്തിടാൻ ഒരുമാസം വൈകി. സാധാരണ വേനൽമഴയ്ക്കുമുൻപ് കൊയ്ത് കയറുകയാണ് പതിവ്. ഇതിന് വീപരിതമായി ഡിസംബർ പകുതിക്കായിരുന്നു വിത. ഇതിനിടയിൽ പെയ്ത മഴയിൽ വിത്തു മുളയ്ക്കാതെ പോയി. ഇതുമൂലം വീണ്ടും വിത്തിടേണ്ടിവന്നിരുന്നു. ഇതെല്ലാം ഇക്കുറി കർഷകരുടെ കണ്ണീർകൊയ്ത്തിന് ഇടയാക്കി. മൂന്നാഴ്ചയായി ഒന്നിടവിട്ട ദിവസങ്ങളിൽ പെയ്യുന്ന മഴയാണ് കർഷകരെ വലയ്‌ക്കുന്നത്. കുടുംബശ്രീകൾ അടക്കം വർഷങ്ങളായി കൃഷിയിറക്കിവരുന്ന പാടശേഖരമാണിത്.

നീരൊഴുക്കിന് മാർഗമില്ല

തോടുകളും ചാലുകളും ഏറെയുള്ള പാടശേഖരമാണെങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ടതാണ് പ്രശ്‌നമായത്. കഴിഞ്ഞ കുറെ കാലങ്ങളായി ഇവയെല്ലാം മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്. കൃഷിക്കുമുമ്പേ ശരിയായി വൃത്തിയാക്കാറില്ല.

ഇതുകാരണം ഒന്നുരണ്ടു മഴ പെയ്യുമ്പോഴേ പാടങ്ങൾ വെള്ളത്തിലാകും. പനയാമ്പാല തോട്‌, മുതയ്ക്കൽ, കോമ്മടത്ത് ചാൽ തുടങ്ങിയവ ജലസ്‌ത്രോസ്സുകൾ സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണ്.

മണിലയാറ്റിലേക്ക് വെള്ളമൊഴുകി മാറിയിരുന്ന ഇവയെല്ലാം ഇന്ന് അടഞ്ഞുകിടക്കുന്നു. കാട്ടുച്ചെടികളും പുല്ലും വളർന്ന മാലിന്യനിക്ഷേപകേന്ദ്രങ്ങളാണിവ. വെള്ളം കയറിയിറങ്ങിപോകുന്നതിന് കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു.