റാന്നി നിയമസഭാ സീറ്റിൽ അതൃപ്തി ഉയരുന്നു

റാന്നി നിയമസഭാ സീറ്റിൽ അതൃപ്തി ഉയരുന്നു

റാന്നി: റാന്നി നിയമസഭാ മണ്ഡലത്തിൽ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വ്യാപകമായ അതൃപ്തി ഉയരുന്നതായി റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളും പ്രവർത്തകരും ഈ നീക്കത്തിനെതിരെ മുൻകൂട്ടി തന്നെ പ്രതിഷേധം രേഖപ്പെടുത്തിയതായി അറിയുന്നു.

മണ്ഡലം കമ്മിറ്റി തലത്തിൽ തന്നെ പ്രവർത്തനങ്ങൾ നിഷ്ക്രിയമാകാനുള്ള സാധ്യതയും പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ടെന്നാണ് സൂചന. സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന പേരുകളിൽ പ്രധാനമായും കേൾക്കുന്നത് പഴകുളം മധുവിന്റെ പേരാണ്. എന്നാൽ, മധുവിന് മണ്ഡലത്തിൽ ശക്തമായ പ്രചാരണം നടത്തുന്നത് ദുഷ്കരമായിരിക്കുമെന്ന് അണികൾ അഭിപ്രായപ്പെടുന്നു. കൂടാതെ, അദ്ദേഹത്തിന്റെ സമീപനം പ്രവർത്തകർക്കിടയിൽ സ്വീകാര്യത നേടാത്തതായും വിമർശനമുണ്ട്.

അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ വോട്ടിനാണ് റിങ്കു ചെറിയാൻ പരാജയപ്പെട്ടത്. മണ്ഡലത്തിൽ തന്നെ സ്വാധീനമുള്ള നേതാക്കളായ അഡ്വ. ജയവർമ്മ, ആറോൺ, അഡ്വ. എബ്രഹാം പനച്ചിമൂട്ടിൽ, റെജി താഴമൺ തുടങ്ങിയ നിരവധി അർഹരായ നേതാക്കളെ അവഗണിച്ച് പുറത്തുനിന്നുള്ള സ്ഥാനാർഥിയെ പരിഗണിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മുൻപെങ്ങും കാണാത്ത തരത്തിലുള്ള അതൃപ്തിയും പ്രതിഷേധവുമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ രൂപപ്പെടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.